Tamil

Ente Lokathilekku Swaagatham

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

കവിത...

എന്റെ ബാല്യം.....

തെച്ചിയും പിച്ചിയും തുമ്പോലക്കതിരും
തേങ്ങയും മാങ്ങയും കാച്ചിൽ പടവലവും
തത്ത ചെമ്പോത്ത് അണ്ണാറക്കണ്ണനും
തുടിയുണരുമെന്റെ തൊടിതന്നെയെന്നും

ചെമ്പകം പൂത്തതും ചോലയുണർന്നതും
മാമ്പൂ വിരിഞ്ഞതും മഴവില്ലുതിർന്നതും
കാകനും കൂമനും കാറ്റാടി തൈകളും
കൂർച്ചുണ്ട് രാകിമിനുക്കും താലിക്കുരുവികളും

കൈതപ്പൂ കാറ്റത്തുലഞ്ഞ കൈപ്പാടങ്ങൾ
പച്ചിലപ്പാടം പലതായ് വരമ്പിട്ട പുലരിയിൽ
കാറ്റുപുലർന്നതും പുളിയിലക്കരമുണ്ടുലഞ്ഞതും
കാവും കരുമാടിയുമിമ്മട്ടിൽ വിളക്കായിരുന്നതും

ചൂണ്ടയെറിഞ്ഞും കളിപ്പന്താടിയും കുമ്മികളിച്ചും
നിറ ബാല്യമൊന്നിങ്ങനെ ഓർമ്മയായ് തെളിയുന്നു
ഓണം വിഷു വാവുസംക്രാന്തിയും മോദമായേകിയ
മനോജ്ഞമൊരു ഗ്രാമമെനിക്കുണ്ടായിരുന്നു...
................................................................................

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

കവിത...

മരയാണി..

കൂലിക്കു കാമം തിളക്കുന്ന ചുടലപ്പറമ്പുകൾ
വെള്ളിവിളക്കുകൾ ചൂഴ്ന്നിറങ്ങും
വെട്ടത്തിൽ ചിരിച്ചും വിളറിയ കറുപ്പിൽ
സംഹാരമാടിയും തിമിർക്കുന്ന തൃഷ്ണകൾ

വിരലാൽ ഉഴിയാനൊരു ബന്ധവും തികയാത്ത
പുരുഷ കാമങ്ങളിൽ അഞ്ചും അറുപതും ഏകം.
ചിതറും കണ്ണാടികൾ, വിളറിയ
ഗദ്ഗദങ്ങളാകുന്നു കന്യകാത്വങ്ങൾ
എവിടെ എന്നറിയാത്ത രക്ഷനേടാൻ
ഇടം വലം കണ്ണുചുഴറ്റി ഇരുട്ടിൽ തപ്പുന്നു

കുരുട് ചുമക്കും കൂർത്ത മുഴക്കങ്ങളിൽ
വിലപേശി വീണ്ടുമുടയ്ക്കുന്ന കുരുന്നു നിലവിളികൾ.
ഒടിഞ്ഞുനിലമടിഞ്ഞ മരക്കുരിശ്ശിന്നരുകിൽ
നെഞ്ചുതുരന്നുവീണ ശൂന്യതയുടെ
പൊട്ടിയൊരു ഹൃദയത്തുണ്ട് മാത്രം
വളുത്ത വസ്ത്രത്തിനുള്ളിൽ കറുത്ത ഹൃദയങ്ങളാൽ
ചുമരിലേക്ക് വീണ്ടും ആണിയടിച്ചുകയറ്റുന്നു
പകുതിയൊടിഞ്ഞ പഴയ മരക്കുരിശ്...
************************************************************